എക്കോണമി – മദ്യവും ലോട്ടറിയും?

 എന്ത് എക്കോണമിയാണ് നാം ഇവിടെ സൃഷ്ടിക്കേണ്ടത്? മദ്യവിൽപനയിലും ലോട്ടറിയിലും അടിസ്ഥാനമായ ഒരു എക്കോണമി!

പുതിയ കേരളം പുതിയ ഭൂമി -2

ഒരു പക്ഷെ കൊറോണക്കാലത്തെ ലോക്ഡൗണാണ് കേരളത്തിൻ്റെ എക്കോണമിയുടെ രണ്ട് നെടുംതൂണുകൾ, അതിനേക്കാൾ ഉപരി, കേരള സർക്കാരിൻ്റെ ഏറ്റവും പ്രധാന ധനാഗമന ശ്രോതസ്സുകൾ ഇവയാണെന്ന തിരിച്ചറിവ് നമ്മുടെ മുമ്പിലേക്ക് കൊണ്ടുവന്നത്. പ്രവാസികൾ നാട്ടിലേക്കയയ്ക്കുന്ന പണം കഴിഞ്ഞാൽ, സർക്കാരിന് ഒറ്റ ബ്ലോക്കായി ഏറ്റവും അധികം വരുമാനം തരുന്ന വേറെ ശ്രോതസ്സുകൾ ഇല്ല എന്നത് ഇപ്പോഴാണ് കുടുതൽ വ്യക്തമായത്.

beverages and lottery

ഇപ്പോഴും മാധ്യമങ്ങൾ ധനമന്ത്രിയെ കാണുമ്പോഴും രണ്ടു ചോദ്യങ്ങൾ മാറാതെയുണ്ട്, എന്ന് ബെവ്കോ തുറക്കും? എന്ന് ലോട്ടറി തുടങ്ങും? പിന്നൊന്നു കൂടെയുണ്ട്, സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിൻ്റെ കാര്യം എന്തായി?

ശരിക്കും പറഞ്ഞാൽ കേരളത്തിൻ്റെ എക്കോണമിയുടെ അടിസ്ഥാനം എന്തായിരിക്കണമെന്ന ചോദ്യത്തിൻ്റെ ആദ്യ ഉത്തരം ഇത് മൂന്നും ആയിരിക്കരുത് എന്നതാണ്. മൂന്നാമത് എന്നത് സർക്കാർ ജീവനക്കാരുടെ/ സംവിധാനങ്ങളുടെ കാര്യമാണ്.

മദ്യ വിൽപ്പനയും, ലോട്ടറി വിൽപ്പനയും തീരെ വേണ്ടയെന്നല്ല, പക്ഷെ അവയാണ് ഒരു സംസ്ഥാനത്തിൻ്റെ, ഒരു സർക്കാരിൻ്റെ വരുമാനത്തിൻ്റെ അടിസ്ഥാന ശിലയെന്ന് വരുന്നത് ആത്മഹത്യാപരമാണ്. അത് ലോകത്ത് ഒരിടത്തും കേട്ട് കേൾവി പോലും ഇല്ലാത്ത കാര്യമാണ്. അവയിൽ അടിസ്ഥാനപ്പെടുത്തി ഒരു രാജ്യത്തിനും ദേശത്തിനും രക്ഷപെടാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ മദ്യവിൽപ്പനയോടും ലോട്ടറി ക്കച്ചവടത്തോടുമുള്ള ആസക്തി സർക്കാരുകൾ കൈവിടണം. കോവിഡാനന്തരം നമ്മുടെ സാമ്പത്തിക ആസൂത്രണം, അവ അടിസ്ഥാനമാക്കിയുള്ളതാവില്ല എന്ന് സർക്കാരും ആസൂത്രണ വിദഗ്ദരും മനസ്സിരുത്തി തീരുമാനിക്കണം. ആ ആസക്തികളിൽ നിന്ന് സ്വയം മാറ്റി നിറുത്തുമ്പോൾ മാത്രമേ, ശരിയായ, സർഗ്ഗാത്മകമായ ധനാഗമന മാർഗ്ഗങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുവാൻ സർക്കാരിനാവൂ. ശാശ്വതമായ വിജയത്തിന് കറുക്ക് വഴികളില്ല.

ലോക്ക് ഡൗൺ കാലത്ത് സംഭവിച്ച ഏറ്റവും വലിയ നന്മകളിൽ ഒന്ന്, മദ്യാസക്തിയിൽ നിന്നും കരകയറാൻ ഒത്തിരി മദ്യപന്മാരെ സഹായിച്ചു എന്നത്. പൗരന്മാരുടെ ആരോഗ്യം വർദ്ധിക്കയെന്നാൽ പ്രൊഡക്ടിവിറ്റി വർദ്ധിക്കയെന്നാണ് സാരം. ഈ പ്രൊഡക്ടിവിറ്റി ഗെയിൻ നമ്മൾ കളഞ്ഞ് കുളിക്കരുത്.
ചുരുക്കി പറഞ്ഞാൽ, സർക്കാരിൻ്റെയും, മദ്യപന്മാരുടെയും മദ്യവുമായി ബന്ധപ്പെട്ട ആസക്തികൾ അവസാനിപ്പിച്ച് പുതിയൊരു കേരളം കെട്ടിപ്പെടുക്കാനുള്ള അസുലഭാവസരമാണ് നമ്മുടെ മുമ്പിൽ ഇപ്പോൾ ഉള്ളത്; നമ്മൾ അത് വേസ്റ്റാക്കാതെ ഇരുന്നാൽ മതി.

ഇനി അവസാനത്തെ പോയൻ്റ് – സർക്കാരിൻ്റെ വലുപ്പം. സർക്കാറിൻ്റെ വരുമാനത്തിൻ്റെ 90 ശതമാനത്തോളം സർക്കാരിനെ തീറ്റിപ്പോറ്റാൻ തന്നെയാണ് ചിലവഴിക്കുന്നതെന്ന് നമുക്കറിയാം. അതു കൊണ്ടാണല്ലോ സാലറി ചലഞ്ചും ഒരു ധനാഗമന ഭാഗമാകുന്നതും.

1987 ൽ കൃഷി വകുപ്പ് രൂപപ്പെട്ടപ്പോൾ 8. 76 ലക്ഷം ഹെക്ടറിൽ കൃഷി ഉണ്ടായിരുന്നത്രെ. പക്ഷെ ഇന്നത് 1.97 ലക്ഷം ഹെക്ടറായി കുറഞ്ഞു. ഇതിനിടെ 2000 ന് ശേഷം നൂറുകണക്കിന് കാർഷിക ഗവേഷണ, പ്രോത്സാഹന കേന്ദ്രങ്ങൾ തുടങ്ങിയെന്നാണ് ചിലർ ചൂണ്ടിക്കാണിച്ചത്. ശരിക്കും വെള്ളാനകൾ!

ഈ ഗോർജ്ജിന്, ധൂർത്തിന് ഒരറുതിവരണം, നന്നായി ഭരിക്കാൻ, കേരളം നന്നാക്കാൻ ഇത്രയും അധികം സർക്കാരുദ്യേഗസ്ഥരുടേയോ സർക്കാർ ഏജൻസികളുടെയോ, പ്രസ്ഥാനങ്ങളുടെയോ ആവശ്യമില്ല. ചെറുതും എഫക്ടീവുമായ ടീമിനാണ് ഏറ്റവും നല്ല റിസൽട്ട് കൊണ്ടുവരുവാൻ സാധിക്കുന്നതെന്ന് ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. അത് കൊണ്ട് ഗവൺമെൻ്റിൻ്റെ വലുപ്പം കുറയ്ക്കുക. അനാവശ്യ റിക്രൂട്ട്മെൻ്റുകൾ നിറുത്തലാക്കി, ഉള്ളവരെ റീ ട്രെയ്ന് ചെയ്ത്, റീ ഡിസ്ട്രിബ്യൂട്ട് ചെയ്ത്, അതോടൊപ്പം തന്നെ, ജനപ്രതിനിധികളുടെ മൾട്ടിപ്പിൾ പെൻഷൻ നിറുത്തലാക്കി, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ എണ്ണം കുറച്ച്, ഓഫീസ് ചെറുതാക്കി, അനാവശ്യമായ പുതിയ എജൻസികളും കമ്മീഷനുകളും നിറുത്തലാക്കി, ഉള്ളവ തന്നെ മെർജ് ചെയ്ത് വലുപ്പം കുറച്ച്, വെള്ളാനകളായി മാറിയ ആന വണ്ടി ഉൾപ്പടെയുള്ളവയെ റീ സ്ട്രക്ച്ചർ ചെയ്ത്, എഫിഷൻ്റായ, എന്നാൽ ചെറുതായ ഒരു സർക്കാർ സംവിധാനം കെട്ടിപ്പെടുക്കുക. ഒരു തുടക്കമെന്ന നിലയിൽ സർക്കാരിൻ്റെ ചിലവ് മൊത്തം വരുമാനത്തിൻ്റെ 75% ആയെങ്കിലും അടുത്ത രണ്ട് വർഷം കൊണ്ട് ചുരുക്കി 25% എങ്കിലും തിരിച്ച് സമൂഹ നിർമ്മിതിക്കായി ഉപയോഗിക്കാൻ സാധിക്കണം: 1980 ൽ തുടങ്ങിയ മിൽമയ്ക്ക് പോലും കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പാൽ പാൽപ്പൊടിയാക്കാൻ ആവശ്യമായ പ്ലാൻറുകൾ ഇല്ല എന്ന നഗ്ന സത്യം നമ്മളെയൊക്കെ അമ്പരപ്പിച്ച് കളഞ്ഞതാണ്. അങ്ങിനെയുള്ള മേഖലകളിൽ നിക്ഷേപിക്കാനാവണം സർക്കാരിന്.

ഒത്തിരി രാഷ്ട്രീയ ഇഛാശക്തി വേണ്ട തീരുമാനങ്ങളും നടപടികളുമാണിത്. ഒരു പക്ഷെ ഒരു പിണറായി സർക്കാറിനു മാത്രം ചെയ്യാൻ സാധിക്കുന്നവ. പ്രതിപക്ഷം ശക്തമായ സപ്പോർട്ട് കൊടുക്കണം. പാർട്ടി വളർത്താനല്ല സർക്കാരെന്ന്, സർക്കാർ ജോലികളുമെന്ന്; പാർട്ടി നോമിനികൾക്ക് പങ്കുവയ്ക്കാനല്ല ബോർഡുകളും സ്ഥാനമാനങ്ങളുമെന്ന് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കണം. ജനങ്ങൾ ഉണർന്ന് ശബ്ദിക്കണം, ആവശ്യപ്പെടണം – കോവി ഡാനന്തരം ഒരു പുതിയ കേരളം വേണമെന്ന്.

https://www.facebook.com/jaison.cmi/posts/10160559319019852

Comments

Popular posts from this blog

കേരളത്തിന്റെ പുനരെഴുത്തിനുള്ള പത്തങ്ക മിനിമം പദ്ധതി