തുപ്പല്ലേ തോറ്റു പോകും!

 പുതിയ കേരളം പുതിയ ഭൂമി -4

കൊറോണ വൈറസ് നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം ശുചിത്വത്തിൻ്റെതാണ്, വ്യക്തി ശുചിത്വവും, പൊതു വിടങ്ങളിലെ ശുചിത്വവും ഒരു പോലെ. അതിൻ്റെ കൂടെ ശരിയായ മാലിന്യ സംസ്കരണവും കൂടെ ചേർത്ത് വച്ചാൽ, കോവിഡ് കാലത്തിന് ശേഷമുള്ള കേരളത്തിൻ്റെ ഉയിർത്തെഴുനേൽപ്പിനുള്ള ഇൻ ഗ്രേഡിയൻസിൻ്റെ പകുതി റെഡിയായി.

സാംസ്കാരിക സവിശേഷതകൊണ്ടും പ്രകൃതി ഭംഗികൊണ്ടും കേരളം പോലെ സുന്ദരമായ ഒരു നാടില്ല. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ വ്യക്തി ശുചിത്വത്തിൽ ഇത്രയും ഉന്നത നിലവാരം പുലർത്തുന്ന മറ്റൊരു ജനതയെത്തന്നെ കാണില്ല. നാക്കു വടിക്കാത്ത സായിപ്പന്മാരെ നാം കളിയാക്കി കൊന്നതിന് കണക്കില്ല.

പക്ഷെ നമ്മുടെ ശുചിത്വം നമ്മുടെ വീടിൻ്റെ ഉമ്മറപ്പുറത്ത് തീരും. ഉമ്മറക്കോലായിൽ നിന്ന്, ടൈറ്റാനിക്കിൽ ലിയനാർഡോ ഡികാപ്രിയയും, കേറ്റ് വിൻസ്ലെറ്റും തുപ്പിക്കളിക്കുന്ന പോലെ, നീട്ടിവലിച്ച് തുപ്പുന്നത് മുതൽ തുടങ്ങും നമ്മുടെ പരിസര മലിനികരണം. ഇതാണ് നമ്മളും സായിപ്പന്മാരും തമ്മിലുള്ള പ്രധാന വ്യത്യാസം. അവൻ്റെ വീട് ജംങ്ക് യാർഡ് പോലെ ആയിരുന്നാലും, വീടിൻ്റെ പടി വിട്ടിറങ്ങിയാൽ പിന്നെ അവൻ ഡീസൻ്റാണ്.

നമ്മൾ ഇത് രണ്ടും കൂടെ ഒന്നിപ്പിക്കണം – വ്യക്തി ശുചിത്വ ത്തിലെ നമ്മുടെ നിഷ്ഠകൾ അൽപം പോലും കുറയ്ക്കാതെ തന്നെ പൊതു വിടങ്ങളിലെ ശുചിത്വവും മാലിന്യ സംസ്കരണവും. കേരളത്തെ രക്ഷിക്കുവാനുള്ള ഒരു മാജിക്ക് ബുള്ളറ്റ് ഉണ്ടെങ്കിൽ അത് ഇതാണ്.

വെറുതെ പറഞ്ഞതല്ല. നേരത്തേയുള്ള പോസ്റ്റിൽ സൂചിപ്പിച്ചതു പോലെ, രണ്ടു മഹാപ്രളയത്തെയും, ഒരു മഹാമാരിയെയും തോൽപ്പിച്ച കേരളം ലോകത്തിന് മുമ്പിൽ നെഞ്ചും വിരിച്ചു നിന്ന് ലോകത്തിൻ്റെ സാമ്പത്തിക തലസ്ഥാനം കൂടെയാകാൻ ഒരുങ്ങിയിറങ്ങുമ്പോൾ, കൂടെയുണ്ടാകേണ്ട ഏറ്റവും വലിയ കരുതൽ ധനം ഇത് മാത്രമായിരിക്കും – പൊതു വിടങ്ങളിലെ ശുചിത്വ മാലിന്യ നിർമ്മാർജ്ജന കാര്യങ്ങളിലുള്ള വിട്ടുവീഴച്ചയില്ലാത്ത ശീലങ്ങൾ.

നാലാം വ്യാവസായിക വിപ്ലവത്തിൻ്റെ അടിസ്ഥാന ശിലകളായ വിജ്ഞാന, വിവര സാങ്കേതിക, നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ഒരു സാമ്പത്തിക വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനും, നാലുപേർക്ക് നാണം കൂടാതെ കടന്നു വരാൻ സാധിക്കുന്ന, വെനീസിനൊപ്പം കിട നിൽക്കുന്ന, ഒരു വിനോദ സഞ്ചാര മേഖലയായി കേരളത്തെ റീഡിഫൈൻ ചെയ്യുന്നതിന്നും, കേരളത്തിനകത്തും പുറത്തും നിന്നുള്ള വിദ്ധ്യാർത്ഥികളെ ആകർഷിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഹബ് ആയിത്തീരുന്നതിനും, സർവ്വോപരി, ക്വാളിറ്റി ഓഫ് ലൈഫ് ആസ്വദിക്കാൻ മറുനാട്ടിൽ പോകേണ്ട ആവശ്വമില്ലെന്ന് പ്രവാസികളുടെ മനസ്സിനെ പറഞ്ഞുറപ്പിച്ച്, അവരുടെ തിരിച്ച് വരവ് ഒരു ബ്രെയിൻ ഗെയിനായി മാറ്റുവാനും ഉള്ള ബേസിക് ഇൻഗ്രേഡിയൻ്റ് ഇത് തന്നെയാണ് – പൊതു വിടങ്ങളിലെ ശുചിത്വ മാലിന്യ നിർമ്മാർജ്ജന കാര്യങ്ങളിലുള്ള വിട്ടുവീഴച്ചയില്ലാത്ത ശീലങ്ങൾ.

കാരും വളരെ നിസ്സാരമായി തോന്നാം, പക്ഷെ നമ്മുടെ ലൈഫ് സ്റ്റൈലിൽ വലിയ ചേഞ്ച് വരുത്തേണ്ട ഒരു കാര്യമാണത് – തുപ്പല്ലേ തോറ്റു പോകും, കൊറോണയോട് മാത്രമല്ല ലോകത്തിന് മുമ്പിൽ നമ്മളോട് തന്നെയും..

ഇത് സാധിക്കണമെങ്കിൽ തുപ്പുവാനുള്ള സൗകര്യങ്ങൾ വേണം, പൊതു വിടങ്ങളിൽ. കൊറോണക്കാലത്ത് കണ്ട ഏറ്റവും ഹൃദ്യമായ കാഴ്ച്ചയായിരുന്നു, പൊതുവിടങ്ങളിലെ കൈ കഴുകാനുള്ള താൽക്കാലിക സൗകര്യങ്ങൾ. യുവജന പ്രസ്ഥാനങ്ങളും, സ്ഥാപനങ്ങളും, ലോക്കൽ ഗവൺമെൻ്റുകളും മത്സരിച്ചാണ് അവ കെട്ടിപ്പൊക്കിയത്. അവപെർമനെൻ്റൊകണം. പള്ളികളും, അമ്പലങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ സ്ഥാപനങ്ങളും, സർക്കാരും, പഞ്ചായത്തുമെല്ലാം മുൻകൈ എടുക്കണം, പൊതുവിടങ്ങളിൽ വാഷ്ബേസിനുകളും, പറ്റുന്നിടത്തെല്ലാം പൊതു ശൗചാലയങ്ങമ്ലം പണിയുവാൻ. പണിയാൻ മാത്രമല്ല വിട്ടുവീഴ്ച്ചയില്ലാതെ അവ വ്യത്തിയായി സൂക്ഷിക്കുവാനും.

അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും മുഖ്യമന്ത്രി പിണറായി വിജയനെയും കെട്ടിപ്പിടിച്ച് എനിക്ക് മുത്തം കൊടുക്കാൻ തോന്നുന്നത്. ഈ കോവിഡ് കാലത്ത് കൊറോണയെ മറയാക്കി “തുപ്പരുത് ” എന്ന ഏറ്റവും സിംപിളായ മെസ്സേജ് അവർ പുഷ്ചെയ്യുന്നുണ്ട്. കാരണം ഒരു രാജ്യത്തെ മാറ്റി മറിക്കാൻ, ഒരു ദേശത്തെ മാറ്റി മറിക്കാൻ അതിനാകുമെന്ന് അവർക്കറിയാം.

ഇനി നമ്മുടെ ടേണാണ്. തുപ്പരുത് എന്ന് മാത്രമല്ല തുപ്പിക്കരുത്. ആളുകളെ ശരിയായി തുപ്പിക്കാൻ സഹായിക്കുന്ന സൗകര്യങ്ങൾ നിർമ്മിക്കുണം, നിർമ്മിക്കാൻ പ്രേരിപ്പിക്കുണം, അവ പരിപാലിക്കുണം, അങ്ങിനെ ഒരു പുതിയ ശുചിത്വ സംസ്കാരം നാം കെട്ടിപ്പെടുക്കണം. നമ്മുടെ വിദ്യാലയങ്ങളിലും, കോളേജുകളിലും, ഗവൺമെൻ്റ്, ഗവൺമെൻറിതര സ്ഥാപനങ്ങളിലും, പള്ളികളിലും, അമ്പലങ്ങളിലും, സർവ്വോപരി നമ്മുടെ കുടുംബങ്ങളിലും ഇതിന് തുടക്കമിടണം.

പി. എസ്: കഴിഞ്ഞ പത്ത് വർഷമായി ശുചിത്വ ബോധനയജ്ഞവുമായി നടക്കുന്ന ആലുവയ്ക്കടുത്ത മിത്രധാമിലെ പിട്ടാപ്പള്ളിയച്ചനെ എനിക്കറിയാം. ഒരു നാൾ കേരളം ഈ ഭർശനം ഉൾക്കൊള്ളും എന്ന പ്രത്യാശയിൽ എല്ലാ വർഷവും ഒറ്റയ്ക്കാണെങ്കിൽ പോലും പ്ലാക്കാർഡുമേന്തി പദയാത്ര നടത്തുന്ന അദ്ധേഹത്തിൻ്റെ സ്വപ്നം പൂവണിയുന്ന കാലം അനതിവിദൂരത്താവില്ല എന്നാണെൻ്റെ വിശ്വാസം. പിട്ടാപ്പിള്ളിയച്ചന് പ്രണാമം.


Comments

Popular posts from this blog

കേരളത്തിന്റെ പുനരെഴുത്തിനുള്ള പത്തങ്ക മിനിമം പദ്ധതി