പുതിയ ആകാശവും പുതിയ ഭൂമിയും

 വിഷുദിന ചിന്ത

“Our great mother does not take sides Jake. She protects only the balance of life.” ജെയിംസ് കാമറൂണിൻ്റെ അവതാർ (Avatar) എന്ന മൂവി ഒരു സങ്കീർത്തനം പോലെ സുന്ദരമാണ്. ദൈവീകതയും ആത്മീയതയും എക്കോളജിയുമെല്ലാം ഇത്ര മനോഹരമായി സന്നിവേശിപ്പിച്ചിട്ടുള്ള മറ്റൊരു കാവ്യം ഈ ആധുനിക ലോകത്തിലില്ല (ഒന്ന് സൂക്ഷിച്ച് നോക്കണമെന്ന് മാത്രം). വില്ലന്മാർക്കെതിരെ അമ്പും വില്ലുമായി പടയ്ക്കിറങ്ങാൻ പോകുന്ന നായകൻ ജേക്ക് സുളളി, നവി ഗ്രോത്രത്തിൻ്റെ ആദ്ധ്യാത്മിക ശ്രോതസ്സായ ഐവയെന്ന വൻമരത്തിനോട് ഹൃദയമുരുകി പ്രാർത്ഥിക്കുന്നുണ്ട്, ഫ്യൂച്ചിറസ്റ്റിക്കായ അതിനൂതന പടക്കോപ്പുമായി വരുന്ന മനുഷ്യ ശത്രുക്കളെ അന്തിമയുദ്ധത്തിൽ പരാജയപ്പെടുത്താൻ സഹായിക്കണമെന്ന്. അപ്പോഴാണ് നവി ഗോത്രത്തിൻ്റെ രാജകുമാരിയും ജേക്കിൻ്റെ കാമുകിയുമായ നെറ്റിരി (Neytiri) ആ ഡയലോഗ് പറയുന്നത്: “Our great mother does not take sides Jake. She protects only the balance of life.” നമ്മുടെ അമ്മ, ഐവ, ദൈവം അല്ലെങ്കിൽ ആ സുപ്രീം ഇൻ്റലിജൻസ് ഒരാളുടെയും സൈഡ് പിടിക്കാറില്ല. അവൾ ജീവതാളത്തെ സംരക്ഷിക്കുക മാത്രമേയുള്ളൂ (അതുകൊണ്ട് നമ്മൾ ജയിപ്പിക്കണം എന്ന് വാശി പിടിക്കാൻ ആവില്ല എന്ന് സാരം).

എന്ത് കൊണ്ട് കൊറോണ, എന്ത് കൊണ്ട് മരണം, എന്ത് കൊണ്ട് കഷ്ടപ്പാട്കൾ, എന്ത് കൊണ്ട് തിന്മകൾ, എന്ത് കൊണ്ട് ദൈവം ഇതെല്ലാം അനുവദിക്കുന്നു എന്നിങ്ങനെ ഈ ദിവസങ്ങളിലും, ഒരു വിധപ്പെട്ട എല്ലായ്പ്പോഴും, ചോദിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരം ഈ ഒരൊറ്റ വാക്കിലുണ്ട്.

അതല്ല പറയാൻ വന്ന പ്രധാന കാര്യം – ഹാപ്പി വിഷു !

കൊറോണയ്ക്കപ്പുറംഒരു പുതിയ ആകാശവും, പുതിയ ഭൂമിയും കണികണ്ടുണരുവാൻ ഈ വിഷുദിനത്തിൽ നമുക്കാകട്ടെ.

അതിന് ഒന്നേ ചെയ്യേണ്ടതുള്ളൂ – protect the balance of life. ഉയിർപ്പ് ദിനത്തിലെ പോസ്റ്റിൽ കുറിച്ചത് പോലെ, സുസ്ഥിര വികസനത്തിൻ്റെ മാതൃക ആവേശത്തോടെ നാം ഹൃദയത്തിൽ സ്വീകരിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ, മനുഷ്യകുലത്തിൻ്റെയും, ജീവതാളം പുനസ്ഥാപിക്കപ്പെടേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ പ്രകൃതി അല്ലെങ്കിൽ ഐവ അല്ലെങ്കിൽ ആ സുപ്രീം ഇൻറലിജൻസ് വീണ്ടും പറഞ്ഞ് കൊണ്ടിരിക്കും “താനെന്താടോ നന്നാവാത്തേ”.

രണ്ട് പ്രളയവും കഴിഞ്ഞിട്ടും ഇവിടെ ഒരു ചുക്കും സംഭവിച്ചിട്ടില്ല. കഴിഞ്ഞ പടിയേ നാം പഴയപടിയായി, അറിയാൻ പാടില്ലാഞ്ഞിട്ടല്ല, എങ്കിലും മോഹിക്കാമല്ലോ, ഇത് വിഷുദിനമാണല്ലോ, ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം കാണാൻ, കണി കാണാൻ അവകാശമുള്ള ഒരു ദിവസം.

വാൽക്കഷണം: അവസാനം ഐവ വിളി കേൾക്കും. എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്ത്, പ്രകൃതിയുടെ ഒരു വലിയ സൈന്യത്തെ അയയ്ക്കുന്നുണ്ട് ഐവ. നെറ്റിരി വാക്കി ടോക്കിയിൽ ജേക്കിനോട് വിളിച്ച് പറയുന്നുണ്ട് – “Eywa has heard you”. എല്ലാ കഥകൾക്കും ഒരു ഹാപ്പി എൻഡിങ്ങ് ഉണ്ടല്ലോ, അല്ലെങ്കിൽ, പിക്ച്ചർ അഭി ബാക്കി ഹെ. അതാണ് കഥകൾ എഴുതാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നതും.

ഒരിക്കൽ കൂടെ കേരളത്തിനാകെ ഹൃദയം നിറഞ്ഞ വിഷുദിന ആശംസകൾ നേർന്നു കൊണ്ട് നിറുത്തട്ടെ.


Comments

Popular posts from this blog

കേരളത്തിന്റെ പുനരെഴുത്തിനുള്ള പത്തങ്ക മിനിമം പദ്ധതി