കേരളത്തിന്റെ പുനരെഴുത്തിനുള്ള പത്തങ്ക മിനിമം പദ്ധതി



കേരളത്തിന്റെ പുനരെഴുത്തിനുള്ള പത്തങ്ക മിനിമം പദ്ധതി സ്നേഹപൂർവ്വം അവതരിപ്പിക്കയാണ്. നമ്മുടെ ചിന്തയ്ക്കും സംവാദത്തിനും ഇത് കാരണമാകട്ടെ,

1. കേരളത്തിന്റെ പ്രകൃതിഭംഗിയും പ്രകൃതിവിഭവങ്ങളും കേരളവിജയത്തിന്റെ പ്രധാന ചേരുവകൾ ആണെന്ന വസ്തുത മനസ്സിലാക്കി, ജനസാന്ദ്രത കൂടുതലും സ്ഥലവിസ്തീർണം കുറവും എന്ന വസ്തുത അംഗീകരിച്ച്‌, പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ടുള്ള സുസ്ഥിര വികസന മാതൃക മാത്രമേ നാം സ്വീകരിക്കൂ. അതിനനുസൃതമായ ജീവിതശൈലി രൂപപ്പെടുത്തും.

2. എല്ലാ തൊഴിലിന്റെ മാഹാത്മ്യവും ഒരുപോലെ ഉൾക്കൊണ്ട് സമത്വാധിഷ്‌ഠിതമായ (egalitarian) തൊഴിലിടമായി കേരളത്തെ പുനർനിർണയിക്കും. അതിനെ സഹായിക്കുന്ന തൊഴിൽ സഹായ സംഘങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കും, തൊഴിലാളികളെ ബഹുമാനിക്കും, അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തും.

3. ഉള്ള വ്യവസായങ്ങളെ ആധുനീവത്കരിച്ചു സംരക്ഷിക്കും. സുസ്ഥിര വികസന മാതൃകയ്ക്ക് യോജിച്ച പുതു വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും. തൊഴിൽ ദായകന് വഴക്കമുള്ള തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തും.

4. ലോട്ടറിക്കും, മദ്യ വ്യവസായത്തിനുമപ്പുറം, നാലാം വ്യാവസായിക വിപ്ലവത്തിന്റെ അടിസ്ഥാന ശിലകളായ വിജ്ഞാന, വിവര സാങ്കേതിക, നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ഒരു സാമ്പത്തിക വ്യവസ്ഥിതി കെട്ടിപ്പടുക്കും.

5. കുറഞ്ഞ നിലവാരമുള്ള വിനോദ സഞ്ചാര മേഖല എന്ന നിലയിൽനിന്നും മൂല്യ വർധിത (പ്രീമിയം) വിനോദ സഞ്ചാര മേഖല എന്നനിലയിലേക്കു കേരളത്തെ ഉയർത്തിയെടുക്കും.

6. ഭാരതത്തിനകത്തും പുറത്തും നിന്നുള്ള വിദ്ധ്യാർത്ഥികളെ ആകർഷിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഹബ് ആക്കി കേരളത്തെ ഉയർത്തും.

7. ആരോഗ്യസൂചകങ്ങളിലെ ഏകകങ്ങൾ മുന്നോട്ടു നീക്കുന്നതിനൊപ്പം, ലോകത്തിന്റെ തന്നെ മെഡിക്കൽ ഹബ് ആയി കേരളത്തെ മാറ്റും.

8. ഭഷ്യമേഖലയിലെ സ്വാശ്രയത്തോടൊപ്പം കാർഷിക മേഖലയിലെ സമഗ്ര വളർച്ച ഉറപ്പുവരുത്തും.

9. പൊതുവിടങ്ങളിലെ ശുചിത്വത്തിലും, മാലിന്യ നിർമാർജനത്തിലും അടിസ്ഥാനപ്പെടുത്തിയ ഉയർന്ന ജീവിത ആസ്വാദക നിലവാരം എല്ലാ കേരളീയർക്കും ഉറപ്പുവരുത്തും.

10. കേരളത്തിനെ സവിശേഷമായ മത സൗഹാർദ്ദത്തെ ഊട്ടി ഉറപ്പിക്കുന്നതിനൊപ്പം, ജീവന്റെയും, കരുതലിന്റെയും, മതേതരത്വത്തിന്റെയും മൂല്യങ്ങളെ സംരക്ഷിക്കും.

ഒരു പുതിയ കോവിഡാനന്തര കേരളവും ഭൂമിയും വലിയൊരു സ്വപ്നമാണ്; അത് നിങ്ങളുടെയും, നമ്മുടെ എല്ലാവരുടെയും സ്വപ്നം ആയിരിക്കും എന്നാണ് എൻ്റെ പ്രതീക്ഷയും പ്രാർത്ഥനയും. The future belongs to those who believe in the beauty of their dreams. (Eleanore Roosevelt) – എനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്വോട്ടാണ്. അതുകൊണ്ട് ഈ മനോഹരമായൊരു സ്വപ്നവും അത് സാക്ഷാത്കരിക്കാൻ ഉതകുന്ന ഒരു മുന്നേറ്റവും വരച്ച് വയ്ക്കുന്നു.

കോവിഡാനന്തര ലോകം മുമ്പത്തേക്കാൾ സുന്ദരമായിരിക്കുമെന്നും അതിൽ കേരളം അതിമനോഹാരിയായിരിക്കുമെന്ന സ്വപ്നമാണ് ഈ അരാഷ്ട്രീയ മുന്നേറ്റത്തിന്റെ അടിസ്ഥാനം. വളരെ ചെറിയ തിരുത്തലുകൾ കൊണ്ട്, വ്യത്യാസങ്ങൾ കൊണ്ട് വലിയ മുന്നേറ്റം നടത്തുവാനും, ലോകത്തിലെ തന്നെ ഏറ്റവും ജീവിതാനുയോഗ്യവും, സമ്പൽസമൃദ്ധവും, സമാധാന പൂർണവുമായ പ്രദേശവുമായി മാറുവാനുള്ള സാധ്യത കേരളത്തിനുണ്ടെന്നുള്ള തിരിച്ചറിവിൽ നിന്നുമാണ് ഈ മുന്നേറ്റം ഊർജം ഉൾക്കൊള്ളുന്നത്.

സന്ദർഭവശാൽ, ഇന്നേ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട് – 1498 മെയ് 20നാണ് വാസ്കോഡ ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയത്. നമ്മുടെ തുറവിയെയും, സാമ്പത്തിക സാംസ്കാരിരംഗത്തെ ഉന്നതി യെയും അടയാളപ്പെടുത്തിയ ഒരു സംഭവമായിരുന്നു അത് – വിദേശിയർ വഴിതേടി നമ്മിലേക്ക് എത്തിയ ദിവസം. ലോകത്തിന് മുഴുവൻ വഴി കാണിക്കുന്ന കേരള മാതൃക ഒരു പുതിയ തലത്തിലേക്കുയർത്തുവാൻ ഇന്നേ ദിനം തന്നെ ഒരു തുടക്കമാകട്ടെ. 

ഇത്രയും നാൾ കരുതിയിരുന്നത് നാം ജീവിക്കുന്ന കാലഘട്ടം രണ്ടായി പകുത്തപ്പെടും എന്നായിരുന്നു – കോവിഡിന് മുമ്പും കോവിഡിന് ശേഷവും. പക്ഷെ ഇപ്പോൾ മൂന്നാമതൊരു കാലഘട്ടം കൂടെയുണ്ടെന്ന് മനസ്സിലായി – കോവിഡിനൊപ്പം. അതായത് കോവിഡിന് മുമ്പും കോവിഡിന് ഒപ്പവും കോവിഡിന് ശേഷവും.

കോവിഡിനൊപ്പമുള്ള ജീവിത കാലം, ഈ കോവിഡാനന്തര സ്വപ്നത്തിലേക്കുള്ള നമ്മുടെ ചുവട് വയ്പ്പുകൾ ആവട്ടെ – ധ്യാന മനനങ്ങളിലൂടെയും, തുറന്ന ചിന്തയിലൂടെയും, ക്രിയാത്മക സംവാദങ്ങളിലൂടെയും, അതിൽ നിന്നുയരുന്ന നിശ്ചയദാർഢത്തിലുടെയും, സംഘാത പ്രവർത്തനങ്ങളിലൂടെയും.

ഫാ. ജെയ്സൺ മുളേരിക്കൽ സി എം ഐ

ON MAY 20, 2020

#പുതിയകേരളംപുതിയഭൂമി
#pkpb

Comments

Popular posts from this blog

റ്റൂ വേൾഡ് വാർസ് ആൻറ് വൺ വേൾഡ് കപ്പ്!

തുപ്പല്ലേ തോറ്റു പോകും!

ഫ്ലാറ്റൻ ദി കർവ്വ്