ഇറ്റ് ഈസ് എക്കോണമി സ്റ്റുപ്പിഡ്!

 പുതിയ കേരളം പുതിയ ഭൂമി -1

ഇറ്റ് ഈസ് എക്കോണമി സ്റ്റുപ്പിഡ്! ബിൽ ക്ലിൻറൻറെ കുപ്രസിദ്ധമായ ഒരു ലൈൻ ആണിത്. എക്കോളജിയെ പരിഗണിക്കണമെന്നും അമേരിക്കയുടെ ഉപഭോഗ സംസ്കാരത്തെ നിയന്ത്രിക്കണമെന്നും സൂചിപ്പിച്ചപ്പോഴാണ് പുള്ളിക്കാരൻ ഇങ്ങനെ പ്രതികരിച്ചത്. ആ സ്റ്റേറ്റ്മെൻറ് അൽപം നെഗറ്റീവ് കെണോട്ടേഷൻ ഉള്ളതാണെങ്കിലും, എക്കോണമി പ്രധാനപ്പെട്ടതു തന്നെ.

കൊറോണ ഏറ്റവും വലിയ ആഘാതം ഏൽപ്പിക്കുന്നത് ഇക്കോണമിക്കായിരിക്കുമെന്നും വലിയൊരു സാമ്പത്തിക മാന്ദ്യം നമ്മെ കാത്തിരിക്കുന്നുണ്ടെന്നും മനസ്സിലാക്കാൻ ഐ എം എഫിൻറെ പ്രഖ്യാപനമൊന്നും വേണ്ട. പണ്ടേ ദുർബല, ഇപ്പോ ഗർഭിണി എന്ന പറഞ്ഞ പോലാണ് സാമ്പത്തിക രംഗത്തിൻറെ കാര്യം – അത് ലോക സാമ്പത്തിക രംഗമെടുത്താലും, ദേശീയ സാമ്പത്തിക രംഗമെടുത്താലും, കേരളത്തിൻറെ സാമ്പത്തിക രംഗമെടുത്താലും, നമ്മുടെ പ്രവാസികളിൽ ഏറ്റവും കൂടുതൽ ഉള്ള ഗൾഫിലെ സാമ്പത്തിക രംഗമെടുത്താലും ഒരു പോലെ തന്നെ. കൊറോണയ്ക്ക് മുമ്പ് തന്നെ സാമ്പത്തിക മാന്ദ്യവും, ഭീകരമായ കടക്കെണിയുടെയും മേൽ പറഞ്ഞവരെല്ലാം നേരിടുന്നുണ്ടായിരുന്നു എന്നുള്ളതാണ് വസ്തുത. ഒരു പരിധി വരെ കൊറോണ ഈ ഭരണാധികാരികൾക്കെല്ലാം ഉർവ്വശീശാപം ഉപകാരം എന്ന പോലായീ എന്നതാണ് വസ്തുത. കാരണം, ഒരു പരിധി വരെ തങ്ങളുടെ തന്നെ പിടിപ്പുകേടുണ്ടായ സാമ്പത്തിക പരാധീനതകൾ എല്ലാം തന്നെ കൊറോണയുടെ തലയ്ക്ക് വച്ച് രക്ഷപ്പെടാനുള്ള ഒരു പഴുത് കിട്ടിയിരിക്കുന്നു. അതവിടെ നിൽക്കട്ടെ, അങ്ങിനെ സംഭവിക്കാതിരിക്കട്ടെ. പക്ഷെ, കൊറോണ ആ സാമ്പത്തിക തകർച്ചയുടെ ആക്കം പതിന്മടങ്ങ് വർദ്ദിപ്പിക്കുമെന്നതിൽ സംശയമില്ല.

കേരളത്തിന് സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറാനുള്ള ഒരു നിർദ്ദേശം മാത്രം ഈ പോസ്റ്റിൽ പങ്കുവയ്ക്കാം.

എകദേശം 25 മുതൽ 30 ലക്ഷം വരെ പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ മാത്രം ഉണ്ടെന്നാണ് കണക്ക്. (അവരിൽ പലർക്കും ജോലി നഷ്ടപ്പെടുന്നത് മൂലം തിരിച്ച് വരേണ്ടി വരാം, പലരും നാട്ടിൽ തിരിച്ച് വന്ന് സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരുമാണ്).
അതേ സമയം, ഏകദേശം 30 മുതൽ 35 ലക്ഷം വരെ അതിഥി തൊഴിലാളികൾ കേരളത്തിൽ ഉണ്ടെന്നാണ് കണക്ക്.

ഈ കണക്കിൽ നിന്നും മാത്രം മനസ്സിലാകുന്ന ഒരു കാര്യമുണ്ട് – എല്ലാ പ്രവാസികളും മടങ്ങി വന്നാലും ചെയ്ത് തീർക്കാൻ സാധിക്കാത്ത വിധമുള്ള ജോലികൾ കേരളത്തിൽ തന്നെയുണ്ട്, തൽക്കാലം നമ്മൾ അതിഥി തൊഴിലാളികളെ കൊണ്ട് അതങ്ങ് അഡ്ജസ്റ്റ് ചെയ്യുന്നു എന്നു മാത്രം.

പിന്നെയെന്താണ് പ്രശ്നം? പ്രശ്നം നമുക്കെല്ലാവർക്കും അറിയാം, നാട്ടിൽ ജോലി ചെയ്യാൻ നമുക്കെന്തോ മടിയാണ്. എന്തോ ഒരു കുറച്ചിൽ. ഒരു സോഷ്യൽ സ്റ്റാറ്റസ് ഇഷ്യു.

ഈ കുറച്ചിലിനെ ഒന്ന് അഡ്രസ്സ് ചെയ്താൽ മതി.

ഇവിടെയാണ് കൊച്ചി മെട്രോയിലെ എൻ്റെ പ്രിയ സാർ എന്നോട് പങ്കുവച്ച ആശയത്തിൻ്റെ പ്രസക്തി. (ഈ സാർ ഒരു പുലിയാണ്. പതുങ്ങി നിൽക്കുകയേയുള്ളൂ. കുതിക്കുവാൻ പാകമുള്ള ഐഡിയകൾ തൊടുത്ത് വിട്ട് വിജയത്തിൽ എത്തിക്കുവാൻ അഗ്രഗണ്യൻ. കൊച്ചി മെട്രോയുടെ ഡേറ്റ മൊത്തം അനലൈസ് ചെയ്യുന്ന ഒരു റിസേർച്ച് പ്രൊജക്റ്റ് എനിക്കുണ്ട്. അതിൻറെ ഇൻസ്പിരേഷനും സർവ്വാണിയും ഈ സാർ തന്നെ. എന്തെങ്കിലും ആശയങ്ങൾ കേൾക്കണമെന്ന് തോന്നുമ്പോൾ ഞാൻ ഫോണെടുന്ന് ചുമ്മാ സാറിനെ വിളിക്കും. എൻറെ സാധാരണ ഫോൺ കോളുകൾ രണ്ട് മുതൽ മൂന്ന് മിനിറ്റ് വരെയാണെങ്കിലും, ഒരു മണിക്കൂർ വരെ സംസാരിക്കുന്ന രണ്ട് പേരിൽ ഒരാൾ ഈ സാറാണ്. പതിവ് പോലെ പേര് പറയേണ്ട എന്ന് പറഞ്ഞത് കൊണ്ട് ഈ സാറിൻ്റെ പേര് പറയുന്നില്ല എന്നേയുള്ളൂ).

അച്ചാ തൊഴിൽ സഹകരണ സംഘങ്ങൾ വേണം. പണ്ട് നിങ്ങൾ പള്ളിക്കൂടം വേണമെന്ന് പറഞ്ഞില്ലേ, അതുപോലെ, തൊഴിൽ സഹകരണ സംഘങ്ങൾ ഉണ്ടാക്കണമെന്ന് പറയണം (ചാവറയച്ചൻ്റെ പള്ളിക്കൊരു പള്ളിക്കൂടം വേണമെന്ന കൽപ്പനയാണ് റെഫറൻസ്). ഒരു പക്ഷെ നിങ്ങളെ പോലെ അരാഷ്ട്രീയമായി നിൽക്കുന്ന ഏജൻസികൾക്കേ അത് സാധിക്കൂ.
രണ്ട് പ്രശ്നങ്ങളാണ് കേരളീയർ കേരളത്തിൽ തന്നെ (ഇപ്പോൾ അതിഥി തൊഴിലാളികൾ ചെയ്യുന്ന) തൊഴിൽ ചെയ്യാൻ ഇറങ്ങിയാൽ നേരിടേണ്ടി വരുക. ഒന്നാമത്, ഓരോ ദിവസവും തൊഴിൽ അന്വേഷിച്ച് നടക്കേണ്ട ഒരു ബുദ്ധിമുട്ട്, അതിൻറെ ഒരു നാണക്കേട്. മറ്റെത് അതിൻറെ ഒരു സാമൂഹിക സ്വീകാര്യത, ഓർഗനൈസ്ഡ് ആയ ഒരു സ്ഥിരം ജോലി പോലെ സമൂഹം അതിനെ കാണപ്പെടുന്ന അവസ്ഥ. ഇത് രണ്ടും പ്രൊവൈഡ് ചെയ്യാൻ തൊഴിൽ സഹായ സംഘങ്ങൾക്കാകും.

കെട്ടിട പണി, മെയ്ക്കാട്ട് പണി, കാർഷിക പണി, ഇലട്രിക്കൽ, പ്ലംബിങ്ങ് അങ്ങനെ എന്തുമാകട്ടെ, ആളുകൾക്ക് ഈ തൊഴിൽ സഹായ സംഘങ്ങളെ സമീപിച്ചാൽ മതി. ആവശ്യത്തിന് ആളുകളെ, ശരിയായ കഴിവുള്ളവരെ, ന്യായമായ കൂലിയിൽ അവർ എത്തിക്കും. സഹകരണ സംഘഅംഗങ്ങൾക്ക് കൃത്യമായ ഐഡൻറി കാർഡും, യൂണിഫോമും, മറ്റ് ആനു കൂല്യങ്ങളും എല്ലാം. വേണമെങ്കിൽ (തീർച്ചയായും) മൊബൈൽ, ഇൻ്റർനെറ്റ് ബേസ്ഡായ ആപ്പും; ടാക്സികൾക്ക് ഊമ്പറും, ഓലയും പോലെ, ഭക്ഷണത്തിന് സൊമാറ്റോയും, സ്വിഗ്ഗിയും പോലെ, ജോലികൾക്ക് സഹകരണ സംഘആപ്പുകൾ. കുടുംബശ്രീ നടത്തി വിജയിപ്പിച്ച കേരളത്തിന് ഇത് ബാലികേറാമലയൊന്നുമാകില്ല. മൊത്തം പരിപാടി അരാഷ്ടീയമായും നിറുത്താൻ കഴിയുകയും വേണം, പദ്ധതിയുടെ പൂർണ്ണ വിജയത്തിനായി. അത് കൊണ്ട് പള്ളികൾ തോറും തൊഴിൽ സഹായ സംഘങ്ങൾ വേണമെന്ന് കൽപ്പനയിറങ്ങണം. പള്ളികൾ തോറും മാത്രമല്ല, അമ്പലങ്ങൾ തോറും, മോസ്കുകൾ തോറും, നിരീശ്വര/സെക്യുലർ കൂട്ടായ്മകൾ തോറും തൊഴിൽ സഹായ സംഘങ്ങൾ ഉണ്ടാകട്ടെ, അവയെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കട്ടെ. കേരളം സ്വർഗ്ഗമാകട്ടെ!

Jilson's neighbour's house

അല്ലെങ്കിലും എന്തുതൊഴിലെടുക്കാനും എന്തിന് മടിക്കണം. അതിനെയാണ് എഗാലിറ്റേറിയൻ സൊസൈറ്റി എന്ന് പറയുന്നത്. കാൻബറയിലെ വാസ്കോഡി ഗാമ എന്ന് ക്ലെയിം ചെയ്യുന്ന ജിൽസൻറെ വീട്ടിൽ ഒരിക്കൽ ചെന്നപ്പോൾ എന്നെ തൊട്ടടുത്ത വീട് കാണിച്ച് ചോദിച്ചു, ഇതാരുടെ വീടാണെന്ന് അറിയാമോ? എനിക്ക് ഒരു പിടിയുമില്ലായിരുന്നു. അത് ഒരു ഗ്രീക്ക് ഫാമിലിയാണ്, കുടുംബനാഥൻ ഒരു കെട്ടിട തൊഴിലാളിയാണ്. അതാണ് ഓസ്ടേലിയ, അതാണ് ഇഗാലിറ്റേറിയൻ സൊസൈറ്റി. ഞാൻ വർഷങ്ങളായി സർക്കാർ ഉദ്യോഗസ്ഥനാണ്, ഭാര്യയും, പക്ഷെ എൻറെ അയൽക്കാരൻറെ വീട് എന്നേക്കാൾ വലുതാണ്, ജീവിത നിലവാരവും. അവൻ എന്ത് പണി ചെയ്യുന്നുവെന്ന് ആരും ഇവിടെ അന്വേഷിക്കാറില്ല.

ഇതല്ലേ കൊറോണാനന്തരം നാം സ്വപ്നം കാണേണ്ട കിണാശ്ശേരി?

വാൽക്കഷ്ണം: കാൻബറയിൽ ആദ്യം എത്തിയ സീറോ മലബാറുകാരൻ എന്ന നിലയിൽ ആണു കേട്ടോ ജിൽസണെ വാസ്കോഡ ഗാമയെന്ന് കളിയാക്കാറ്. ജിൽസൻറെ എഫ് ബി യിൽ നിന്നും അടിച്ചുമാറ്റിയ ജിൽസൻറെ വീടും, അയൽക്കാരൻ്റെ വീടും പോസ്റ്റിനൊപ്പം ചേർക്കുന്നു. എഫ് ബി യിലെ പടം അടിച്ച് മാറ്റുന്നത് ലീഗ ലാണെന്നാണ് എൻറെ വിചാരം. അല്ലെങ്കിൽ സോറി ജിൽസൺ!


Comments

Popular posts from this blog

റ്റൂ വേൾഡ് വാർസ് ആൻറ് വൺ വേൾഡ് കപ്പ്!

തുപ്പല്ലേ തോറ്റു പോകും!

ഫ്ലാറ്റൻ ദി കർവ്വ്